Saturday 1 May 2010

കക്ഷി വഴക്കിനെ തുടര്‍ന്ന്‌ പൂട്ടിയ ചീങ്ങേരി പള്ളി തുറക്കാന്‍ തീരുമാനമായി

കല്‍പ്പറ്റ: കക്ഷി വഴക്കിനെ തുടര്‍ന്ന്‌ വയനാട്ടില്‍ ആദ്യമായി പൂട്ടിയ ചീങ്ങേരി പള്ളി തുറക്കാന്‍ ഇരു വിഭാഗങ്ങളും ധാരണയിലെത്തി. 1974 പൂട്ടിയ അമ്പലവയല്‍ ചീങ്ങേരി സെന്റ്‌ മേരീസ്‌ സുറിയാനി പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, സ്വത്ത്‌ സംബന്ധമായ തര്‍ക്കങ്ങളുമാണ്‌ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ പരസ്‌പരം ചര്‍ച്ച ചെയ്‌ത് പരിഹരിച്ചത്‌. വിഷയം രമ്യമായി പരിഹരിക്കുന്നതിന്‌ ഇരുവിഭാഗത്തെയും ഇടവക പൊതുയോഗം തീരുമാനിച്ചതിനെത്തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്‌. തീരുമാന പ്രകാരം, സെമിത്തേരിയിലേക്കുള്ള വഴിക്കു കിഴക്ക്‌ പള്ളി ഉള്‍പ്പെടെയുള്ള സ്‌ഥലവും കാരച്ചാലിലുള്ള കുരിശുകളും യാക്കോബായ വിഭാഗത്തിനു ലഭിക്കും. വഴിക്ക്‌ പടിഞ്ഞാറുള്ള സ്‌ഥലവും കുമ്പളേരിയിലുള്ള കുരിശും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും ലഭിക്കും. സെമിത്തേരി പൊതുവായി ഉപയോഗിക്കും. സെമിത്തേരിയില്‍ പൊതുകല്ലറ നിര്‍മിക്കുന്നതിന്‌ അഞ്ചുസെന്റ്‌ സ്‌ഥലം വീതം ഇരുവിഭാഗത്തിനും ലഭ്യമാകും. മാനന്തവാടി ആര്‍.ഡി.ഒ. കോടതിയിലും സമുദായ കോടതികളിലുമുള്ള കേസുകള്‍ പിന്‍വലിക്കുന്നതിനും തീരുമാനമായി. ഭാവിയില്‍ സമുദായ കേസിന്റെ വിധി എങ്ങിനെയായാലും അത്‌ ഈ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥക്ക്‌ ബാധകമല്ല. തങ്ങള്‍ക്ക്‌ അര്‍ഹമായ സ്‌ഥലത്ത്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ചാപ്പല്‍ നിര്‍മിക്കുകയാണെങ്കില്‍ പഴയ പള്ളിയുടെ മരവും ഓടും നല്‍കുന്നതിനും തീരുമാനമായി.


യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ വികാരി ഫാ. ജേക്കബ്ബ്‌ മിഖായേല്‍ പുല്ല്യാട്ടേല്‍, ട്രസ്‌റ്റി എന്‍.പി. വര്‍ഗീസ്‌, സെക്രട്ടറി ഷെവ. എ.ഐ. കുര്യാക്കോസ്‌, കമ്മിറ്റിയംഗങ്ങളായ ബേബി വര്‍ഗീസ്‌ അതിരമ്പുഴ, സജി തുടമ്മേല്‍, സജി പുളിക്കല്‍, സജീഷ്‌ തത്തോത്ത്‌, ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച്‌ വികാരി ഫാ. ഗീവര്‍ഗീസ്‌ സാമുവേല്‍ ആറ്റുവ, ട്രസ്‌റ്റി കെ.എം. വര്‍ഗീസ്‌, സെക്രട്ടറി എം.എം. പൗലോസ്‌, കമ്മിറ്റി അംഗങ്ങളായ എം.എം. ഐസക്‌, എ.പി.കുര്യാക്കോസ്‌, എന്‍.ജി. അച്ചന്‍കുഞ്ഞ്‌, കെ.വി. പുരവത്ത്‌ എന്നിവര്‍ ചേര്‍ന്ന സബ്‌കമ്മിറ്റിയാണ്‌ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥയില്‍ ഒപ്പുവെച്ചത്‌. അതേ സമയം കൊളഗപ്പാറ സെന്റ്‌ തോമസ്‌ പള്ളി, കണിയാമ്പറ്റ സെന്റ്‌ ജോര്‍ജ്‌ പള്ളി, കോറോം സെന്റ്‌ മേരീസ്‌ പള്ളി എന്നിവിടങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌.

No comments:

Post a Comment